Saturday, December 13, 2025

വമ്പൻ പദ്ധതിയുമായി ഐഎസ്ആർഒ !! ചന്ദ്രനില്‍ നിന്ന് മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ദൗത്യത്തിനൊരുങ്ങി ഏജൻസി

ചന്ദ്രനില്‍ നിന്ന് മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. ഉടൻ നടത്താനിരിക്കുന്ന സ്‌പെഡെക്‌സ് പരീക്ഷണ വിജയം എത്രത്തോളമുണ്ടെന്ന് നിരീക്ഷിച്ചതിന് ശേഷമാകും ഇതിന്റെ സമയം നിശ്ചയിക്കുക. എങ്കിലും ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയും വഹിച്ചുള്ള ബഹിരാകാശ പേടകം 2028ല്‍ ചന്ദ്രനിൽ ഇറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചാന്ദ്രയാൻ 3 പേടകത്തെ സോഫ്റ്റ്‌ലാന്‍ഡ് ചെയ്ത ശിവ ശക്തി പോയിന്റില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. 2023 ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍-3 പേടകം ഇവിടെ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ഈ നേട്ടം സ്വന്തമാക്കിയ നാലാമത്തെ രാജ്യമായി അതോടെ ഇന്ത്യ മാറി. ഇനി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത് അവിടെനിന്ന് സാമ്പിളുകള്‍ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഈ നേട്ടം ലോകത്തിൽ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളു.

ഈ എലൈറ്റ് ക്ലബ്ബിലേക്കാണ് ഭാരതവും എത്താൻ പോകുന്നത്. റോബോട്ടിക് കൈയുടെ സഹായത്തോടെ ചന്ദ്രനില്‍ നിന്ന് പാറയും മണ്ണും ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്‌നറില്‍ അടച്ച് പേടകത്തിലേക്ക് മാറ്റും. തുടര്‍ന്ന് ഈ സാമ്പിള്‍ വഹിക്കുന്ന പേടകത്തെ ചന്ദ്രനില്‍ നിന്ന് തിരികെ ഭൂമിയിലെത്തിക്കും. നിലവില്‍ ബഹിരാകാശത്തുനിന്ന് പേടകങ്ങളെ സുരക്ഷിതമാക്കി ഭൂമിയിലെത്തിക്കാനുള്ള സാങ്കേതിക വിദ്യ, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ എന്നിവ ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. സ്‌പേസ് ഡോക്കിങ് സാങ്കേതിക വിദ്യ മാത്രമാണ് ഇനി സ്വായത്തമാക്കാൻ ഉള്ളത്. ഇതിനായാണ് ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളെ പരസ്പരം ഡോക്ക് ചെയ്ത് സ്വന്തം സാങ്കേതിക വിദ്യയുടെ കാര്യക്ഷമത പരീക്ഷിക്കുന്നത്. ഇത് വിജയകരമായാല്‍ ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന് കൂടുതൽ ഊർജം പകരും

പദ്ധതിക്ക് നാല് ഘട്ടങ്ങളാണ് ഉള്ളത്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുന്ന ട്രാന്‍സ്ഫര്‍ മൊഡ്യൂള്‍, ഇതിനൊപ്പം ഘടിപ്പിച്ച ലാന്‍ഡര്‍ മൊഡ്യൂള്‍. ഇതാണ് ട്രാന്‍സ്ഫര്‍ മെഡ്യൂളില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രനില്‍ ഇറങ്ങുക. അടുത്തത് അസെന്‍ഡര്‍ മൊഡ്യൂളാണ്. ലാന്‍ഡര്‍ മൊഡ്യൂളുമായി ഘടിപ്പിച്ചാണ് ഇതിനെ ചന്ദ്രനിലിറക്കുക. സാമ്പിളുകള്‍ ശേഖരിച്ച് അസെന്‍ഡര്‍ മൊഡ്യൂളിലേക്ക് സുരക്ഷിതമായി ചേര്‍ത്തുവെക്കും. തുടര്‍ന്ന് അസെന്‍ഡര്‍ മൊഡ്യൂള്‍ സാമ്പിളുമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. അവിടെവെച്ച് ട്രാന്‍സ്ഫര്‍ മൊഡ്യൂളിലുള്ള റീ എന്‍ട്രി മൊഡ്യൂളിലേക്ക് സാമ്പിളുകള്‍ മാറ്റും. ട്രാന്‍സ്ഫര്‍ മൊഡ്യൂള്‍ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിച്ച് റീഎന്‍ട്രി മൊഡ്യൂളിനെ ഭൂമിയിലേക്ക് അയക്കും. ഇതിനെ പിന്നീട് കടലില്‍ നിന്ന് വീണ്ടെടുത്ത് ഐഎസ്ആര്‍ഒയുടെ കേന്ദ്രത്തിലേക്ക് മാറ്റും.

ഇത്രയും സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് റോക്കറ്റുകളിലായാണ് പേടകങ്ങള്‍ വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റിലാണ് ട്രാന്‍സ്ഫര്‍, റീ എന്‍ട്രി മൊഡ്യളുകള്‍ വിക്ഷേപിക്കുക. തുടര്‍ന്ന് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റില്‍ ലാന്‍ഡര്‍, അസെന്‍ഡര്‍ മൊഡ്യൂളുകള്‍ അയയ്ക്കും. ബഹിരാകാശത്ത് വെച്ച് ഇവയെ സ്‌പേസ് ഡോക്കിങ്ങിലൂടെ ഒറ്റയൂണിറ്റാക്കി മാറ്റിയതിന് ശേഷമാണ് ചന്ദ്രനിലേക്ക് പോകുക. ചന്ദ്രനിലെത്തി സാമ്പിള്‍ തിരികെ എത്തിക്കാന്‍ ആകെ വേണ്ട സമയം 14 ദിവസമായാണ് നിശ്ചയിച്ചിരിക്കുന്നത്

Related Articles

Latest Articles