ദില്ലി: രാജ്യത്തെ മുന്‍നിര ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ദില്ലി മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ, കൊല്‍ക്കത്ത, ഗുവാഹത്തി, ഇന്‍ഡോര്‍ ഉള്‍പ്പടെയുള്ള ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. നികുതി വെട്ടിപ്പിന് സാധുതയേകുന്ന ചില ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയതായാണ് വിവരം.
ചില ഫിനാഷ്യല്‍ ടെക്‌നോളജി സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. രാജ്യത്ത് പ്രവർത്തിക്കുന്ന ചൈനീസ് മൊബൈല്‍ (Mobile) കമ്പനികളില്‍ വലിയ രീതിയില്‍ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതേതുടർന്ന് ഏറെനാളുകളായി കമ്പനികള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
അതേസമയം, അന്വേഷണത്തോട് സഹകരിക്കുകയാണെന്ന് ഓപ്പോ അധികൃതർ പ്രതികരിച്ചു. രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും നടപടിക്രമങ്ങള്‍ക്കനുസരിച്ച് ധികൃതരോട് സഹകരിക്കുമെന്നും ഓപ്പോ വ്യക്തമാക്കി.

