Saturday, December 20, 2025

അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയി ! കടുത്ത നടപടി സ്വീകരിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നോട്ടീസിൽ നൽകിയ വിശദീകരണത്തിൽ സഞ്ജു ടെക്കി

ആലപ്പുഴ : കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയതാണെന്നും അതിനാൽ കടുത്ത നടപടി സ്വീകരിക്കരുതെന്നും പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കി. മോട്ടോർ വാഹന വകുപ്പ് നോട്ടീസിൽ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് സഞ്ജുവിന്റെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് എംവിഡി കടക്കാനൊരുങ്ങുന്നതിനിടെയാണ് സഞ്ജുവിന്റെ വിശദീകരണം.

സഞ്ജുവിന്റെ വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ അറിയിച്ചു. സംഭവത്തിൽ ശിക്ഷയെന്നോണം സഞ്ജുവും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ ചെയ്യുന്ന 15 ദിവസത്തെ സാമൂഹിക സേവനം തുടരുകയാണ്. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് സാമൂഹ്യ സേവനം ചെയ്യുന്നത്.

കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക്ക് ടർപോളിൻ കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കി മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് സഞ്ജു നടത്തിയ യാത്രയാണ് വിവാദമായത്. ഇതിൻ്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കിടെ ടാര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗം കാർ കസ്റ്റഡിയിലെടുത്തു. സഞ്ജു ഉള്‍പ്പെടെ എല്ലാവരേയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയുമായിരുന്നു.കുറ്റിപ്പുറത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നടത്താനും ശിക്ഷ നൽകി.ഇതിന് പിന്നാലെ മോട്ടോര് വാഹനവകുപ്പിനെയും മാദ്ധ്യ മങ്ങളെയും പരിഹസിച്ച് ഇയാൾ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തു.യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംഭവത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു. പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ആർടിഓയോട് നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.

Related Articles

Latest Articles