മാവേലിക്കര: ചിക്കൻ കടകളിൽ പതിവായി മോഷണം നടത്തുന്ന യുവാവ് ഒടുവിൽ പിടിയിൽ. പത്തനംതിട്ട മെഴുവേലി ഇലവുംതിട്ട പാന്തോട്ടത്തിൽ റിനു റോയി (30) ആണ് പിടിയിലായത്. ചിക്കൻ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ശ്രദ്ധ തിരിച്ച് പണം കവരുന്നതാണ് പ്രതിയുടെ രീതി. കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിലുള്ള കോഴിക്കടയിൽ നിന്നും മോഷണം നടത്തി പോകുമ്പോഴാണ് കുറത്തികാട് പോലീസിന്റെ പിടിയിലാകുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി. വിവിധ പ്രദേശങ്ങളിലെ കടകളിൽ സമാന രീതിയിലുള്ള മോഷണം നടന്നതിനെ തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി, എം കെ ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം പോലീസ് നിരീക്ഷണം നടത്തി വരികെയാണ് ഇയാൾ പിടിയിലാകുന്നത്.
ജില്ലയിലെ പല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂരിൽ നിന്നും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറത്തികാട് പോലീസ് ഇൻസ്പെക്ടർ പി കെ മോഹിത്തിന്റെ നേതൃത്വത്തിൽ എസ് ഐ സതീഷ് കുമാർ, ബിന്ദുരാജ്, പുഷ്പശോഭൻ, സീനിയർ സിപിഒ ഷാജിമോൻ, അരുൺകുമാർ, ശ്യാം, സിപ ഒ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

