Saturday, December 20, 2025

“ഒരു കൈ പോലെ തോന്നുന്നു… ഇത് അവളാകുമോ ?..”തത്സമയ റിപ്പോർട്ടിങ്ങിനിടെ നദിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ബ്രസീലിയൻ മാദ്ധ്യമപ്രവർത്തകൻ

നദിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം മാദ്ധ്യമപ്രവർത്തകൻ സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ കണ്ടെത്തി. പെൺകുട്ടി കാണാതായ വിവരം പുഴയിലിറങ്ങി തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒഴുകിയെത്തിയ മൃതദേഹം റിപ്പോർട്ടറുടെ ശരീരത്തിൽ തട്ടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ബ്രസീലിലാണ് സംഭവം നടന്നത്.

ജൂൺ 30 ന്, ഒരു പ്രാദേശിക വാർത്താ ഏജൻസിയുടെ റിപ്പോർട്ടറായ ലെനിൽഡോ ഫ്രാസാവോ, റൈസ എന്ന പെൺകുട്ടിയെ കാണാതായ വിവരം റിപ്പോർട്ട് ചെയ്യാനായി നദിക്കരയിലെത്തിയത്. റിപ്പോർട്ടിങ്ങിനിടെ നദിയുടെ ആഴം വ്യക്തമാക്കാൻ അദ്ദേഹം വേണ്ടി നദിയിലേക്ക് ഇറങ്ങി. ഇതിനിടെയാണ് ഒരു വസ്തു അദ്ദേഹത്തിന്റെ ശരീരത്തിൽ തട്ടിയത്. പരിഭ്രാന്തിയിലായ റിപ്പോർട്ടർ പെട്ടെന്ന് അവിടെ നിന്ന് നീങ്ങുന്നതും വീഡിയോയിൽ കാണാം.

“ഇവിടെ അടിയിൽ എന്തോ ഉണ്ടെന്ന് തോന്നുന്നു. ഒരു കൈ പോലെ തോന്നുന്നു. അത് അവളായിരിക്കുമോ? ഒരു പക്ഷെ അത് ഒരു മത്സ്യവുമാകാം.. എനിക്ക് ഉറപ്പില്ല .”- ലെനിൽഡോ ഫ്രാസാവോ റിപ്പോർട്ടിങ്ങിനിടെ പറയുന്നു.

പിന്നാലെ അഗ്നിശമന സേനാംഗങ്ങൾ റിപ്പോർട്ടർ നിന്ന സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു – ഇത്തവണ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ – പെൺകുട്ടിയുടെ മൃതദേഹം ഫ്രാസാവോ നിൽക്കുന്നിടത്ത് തന്നെ കണ്ടെത്തി.

സ്കൂൾ വിദ്യാർത്ഥിനിയായ റൈസ, സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെയാണ് മുങ്ങിമരിച്ചത്. മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ റൈസയുടെ മൃതദേഹം സംസ്‌കരിച്ചു. അതേസമയം വീഡിയോ പുറത്തിറങ്ങിയതിനുശേഷം ഫ്രാസാവോ സംഭവത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹം നദിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും പ്രാദേശിക അധികാരികളുടെ അനുമതിയോടെയാണ് നദിയിൽ ഇറങ്ങിയതെന്നും അദ്ദേഹത്തിന്റെ മാദ്ധ്യമ സ്ഥാപനം അറിയിച്ചു.

Related Articles

Latest Articles