കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞമാസം പകുതിയോടെ ലഭിച്ച നോട്ടീസിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രൊഡക്ഷൻ കമ്പനിയുടെ വിശദവിവരങ്ങൾ വകുപ്പ് തേടിയിട്ടുണ്ട്. ഈ മാസം 29 ന് മുമ്പ് വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2022 ൽ പൃഥ്വിരാജിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും സാമ്പത്തിക ഇടപാടുകളിൽ ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. അതിന്റെ തുടർനടപടിയാണ് നോട്ടീസ് എന്നാണ് വിവരം.
പൃഥ്വിരാജ് സഹനിർമ്മാതാവായിരുന്ന ചില ചിത്രങ്ങളാണ് അന്വേഷണ വിധേയമായത്. കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളിൽ സഹനിർമ്മാതാവ് എന്ന നിലയിൽ പ്രതിഫലം കൈപ്പറ്റിയിരുന്നില്ല എന്നായിരുന്നു പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ. എന്നാൽ 40 കോടിരൂപ ഈയിനത്തിൽ പൃഥ്വിരാജ് വാങ്ങിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.
നടപടിക്ക് എമ്പുരാൻ വിവാദവുമായി ബന്ധമില്ലെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. റിലീസ് ചെയ്യുംമുമ്പ് നൽകിയ നോട്ടീസാണിതെന്നും വകുപ്പ് പ്രതികരിച്ചു. രാജ്യവിരുദ്ധ ഉള്ളടക്കത്തിന്റെ പേരിൽ പൃഥ്വിരാജ് സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം വിവാദത്തിലായിരുന്നു.

