Monday, December 22, 2025

നിയമവിരുദ്ധ പരിശോധനയിലൂടെ ഭാര്യ വഹിക്കുന്നത് പെൺഭ്രൂണത്തെയെന്ന് തിരിച്ചറിഞ്ഞു !നാല് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ചുട്ടു കൊന്നു; കൊടും ക്രൂരത ബീഹാറിലെ ജാമുയി ജില്ലയിൽ

ബീഹാറിലെ ജാമുയി ജില്ലയിൽ നാല് മാസംഗർഭിണിയായ സ്ത്രീയെ ഭർത്താവ് തീ കൊളുത്തി കൊന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ രാധാദേവി (27) ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഭർത്താവ് രഞ്ജിത് ഷാ ഒളിവിലാണ്.

ജാമുയിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ നിയമവിരുദ്ധമായി നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലൂടെ തന്റെ ഭാര്യ വഹിക്കുന്നത് പെൺകുഞ്ഞിനെയാണെന്ന് രഞ്ജിത് ഷാ അറിയുകയും ആൺ കുഞ്ഞിനെ മോഹിച്ചിരുന്ന ഇയാൾ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സദർ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും മരണത്തിന് കീഴടങ്ങി. ദമ്പതികളുടെ ആദ്യ രണ്ട് കുഞ്ഞുങ്ങളും പെൺകുട്ടികളാണ്.

സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും കണ്ടെടുത്തുവെന്നും പ്രതിയും കുടുംബവും ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷമാദ്യം ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പെൺഭ്രൂണം ചുമന്നതിനാൽ ഭർത്താവ് കൊലപ്പെടുത്തി മറവ് ചെയ്ത എട്ട് മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ഇയാളെ കൊലപാതകക്കുറ്റം ചുമത്തി യുപി പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles