പത്ത് മണിയായെന്ന കാരണം ചൂണ്ടിക്കാട്ടി കരുവന്നൂർ ഉൾപ്പെടെയുള്ള സുപ്രധാന ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞു മാറി വാർത്താ സമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിയുടെ നടപടികളെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി പറയാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. പത്തു മണിക്ക് തന്നെ വാർത്താ സമ്മേളനം അവസാനിപ്പിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു
‘‘ഒറ്റക്കാര്യവും ഇനിയില്ല. പത്തു മണി വരെയാണ് നമ്മൾ വാർത്താ സമ്മേളനം നടത്തുക എന്ന് പറഞ്ഞു. നിങ്ങളല്ലെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവരെ ഞാൻ വേറെ കാണും. അപ്പോൾ പറഞ്ഞോളം. ഇപ്പോൾ നമ്മൾ അവസാനിപ്പിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പോയി എന്ന് പറയാൻ ആണെങ്കിൽ ചോദിക്കാം. ഞാൻ പറയില്ല എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. തുടങ്ങുമ്പോൾ തന്നെ ഞാൻ പറഞ്ഞതാണല്ലോ. നിങ്ങളുടെ വാച്ചിൽ പത്ത് മണി ആയിട്ടുണ്ടാകും, നോക്കിക്കോ. അപ്പോൾ ബാക്കി കാര്യം പിന്നീട് പറഞ്ഞോളാം’’.–മുഖ്യമന്ത്രി പറഞ്ഞവസാനിപ്പിച്ചു.
റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട ഒറ്റ ചോദ്യത്തിന് മറുപടി പറഞ്ഞു കഴിഞ്ഞതോടെ പത്തു മണി ആകുകയും വാർത്താ സമ്മേളനം അവസാനിപ്പിക്കുകയുമായിരുന്നു. ഈ കേസിൽ സർക്കാർ നടപടികൾ വിശദീകരിച്ച മുഖ്യമന്ത്രി കേസിലുണ്ടായ വിധി ഞെട്ടലുണ്ടാക്കിയെന്നും പറഞ്ഞു.

