കല്‍പ്പറ്റ: സംസ്ഥാനത്തെ ഒന്നാകെ നടുക്കിയ മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടലിന് ഇന്നേക്ക് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

ഒരു പകലും രാത്രിയും തോരാതെ പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്‍ന്നത്. 62 കുടുംബങ്ങൾ ഒരാള്‍ പോലുമില്ലാതെ പൂർണമായും ഇല്ലാതായി. ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ പ്രകൃതി സുന്ദരമായ ഒരു നാട് മരണത്തിന്‍റെ താഴ്വരയായി മാറുന്നതാണ് കേരളം കഴിഞ്ഞ മാസം ഇതേ ദിവസം കണ്ടത്. പ്രാണൻ കയ്യിലെടുത്ത് ഓടിപോയ പലരും ഒറ്റപ്പെട്ടു. ചെളിയിൽ കുതിർന്ന് ജീവനുവേണ്ടി കരയുന്ന മനുഷ്യരുടെ ഉള്ളുലയക്കുന്ന കാഴ്ചയായിരുന്നു പുലർന്നപ്പോള്‍ ഈ നാട് സാക്ഷ്യം വഹിച്ചത്. ചാലിയാർപ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള്‍ മലപ്പുറം നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. 71 പേർക്ക് പരിക്കേറ്റു. 183 വീടുകള്‍ ഇല്ലാതായി 145 വീടുകള്‍ പൂർണമായും തകർന്നു.
കേരളം ഇന്നേ വരേ കണ്ടിട്ടാല്ലാത്ത രീതിയിലുള്ള കൂട്ട സംസ്കാരവും ദുരത്തിനൊടുവിൽ കാണേണ്ടി വന്നു. ദുരിതക്കയത്തിലായ നാടിനെ ചേർത്ത് പിടിക്കാൻ നിരവധി കരങ്ങളുണ്ടായിരുന്നു. അതേസമയം ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുൻപ് സർവവും നഷ്ടപ്പെട്ടവരുടെ കണ്ണീരുപ്പ് ഇനിയും മായ്ഞ്ഞിട്ടില്ല. ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് അവരുടെ മുന്നിലുള്ളത്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനുള്ള കൈത്താങ്ങാണ് ഇനി അവർക്ക് ആവശ്യം.

