തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക് തുടരുകയാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തായുള്ള ന്യൂനമർദ്ദത്തിന്റെയും, മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് മഴ സാധ്യത. ചുരുക്കമിടങ്ങളിൽ ശക്തമായ മഴ കിട്ടും. വടക്കൻ ജില്ലകളിലെ പടിഞ്ഞാറൻ മേഖലകളിലും മെച്ചപ്പെട്ട മഴ പ്രതീക്ഷിക്കാം.
അതേസമയം, ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദില്ലിയിൽ ഓറഞ്ച് അലർട്ട് നൽകി. ഹിമാചൽ പ്രദേശിൽ അടുത്ത 24 മണിക്കൂർ പ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് പലയിടത്തും മിന്നൽ പ്രളയം ഉണ്ടായി. നിരവധി ഇടങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു.
പന്ധോ – മണ്ടി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ മണ്ടി കുള്ളു ദേശീയ പാത അടച്ചു. കാങ്ഗ്ര നഗരത്തിൽ വെള്ളം കയറി. ഹിമാചൽപ്രദേശിൽ ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേദാർനാഥ് തീർത്ഥാടന യാത്ര നിർത്തിവച്ചിരിക്കുകയാണ്.

