വാഷിംഗ്ടൺ: തനിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന വിമർശനങ്ങളും എതിർപ്പുകളും വകവയ്‌ക്കാതെ പ്രസിഡന്റ് ജോ ബൈഡൻ. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്ന കാര്യത്തെ കുറിച്ച് ആലോചിക്കാനില്ലെന്നും, തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നുമാണ് ഡെമോക്രാറ്റുകൾക്ക് കൈമാറിയ കത്തിൽ ബൈഡൻ പറയുന്നത്.
”ഡോണൾഡ് ട്രംപിനെ തോൽപ്പിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമില്ലെങ്കിൽ ഒരിക്കലും ഈ മത്സരത്തിന്റെ ഭാഗമാകില്ലായിരുന്നു. മാദ്ധ്യമങ്ങളിലെല്ലാം പല രീതിയിലുള്ള ഊഹാപോഹങ്ങൾ എനിക്കെതിരെ ഉയർന്നു. എന്നിട്ടും ഈ ഓട്ട മത്സരത്തിൽ തുടരാനും അവസാനം വരെ പിന്മാറാതെ നിന്ന് ട്രംപിനെ തോൽപ്പിക്കാനും എനിക്ക് സാധിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുകയാണെന്ന് നിങ്ങളും മനസിലാക്കണം.
ഡെമോക്രാറ്റ് കൺവെൻഷന് 42 ദിവസവും പൊതുതെരഞ്ഞെടുപ്പ് നടക്കാൻ 119 ദിവസവുമാണ് ഇനി ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ട്രംപിനെ പരാജയപ്പെടുത്താൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. പാർട്ടിക്കിടയിൽ ഐക്യമുണ്ടാകേണ്ടത് ആവശ്യമാണ്. വിജയിക്കണമെന്ന ചിന്ത ദുർബലമാകുന്നത് വരാനിരിക്കുന്ന പോരാട്ടത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും, ട്രംപിനെ സഹായിക്കുന്നതിനും തുല്ല്യമാണ്. ഇത് വളരെ അധികം വേദനിപ്പിക്കുന്നുണ്ട്. ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നേറി ട്രംപിനെ പരാജയപ്പെടുത്തേണ്ട സമയമാണിതെന്നും ” ബൈഡൻ ചൂണ്ടിക്കാണിക്കുന്നു.

