Monday, December 15, 2025

പട്ടിമറ്റത്തെ ആനക്കൊമ്പ് വേട്ട; ഉറവിടം നിലമ്പൂർ? അന്വേഷണം ഊർജിതമാക്കി വനം വകുപ്പ്

കൊച്ചി: പട്ടിമറ്റത്ത് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനം വകുപ്പ്. ആനക്കൊമ്പിന്‍റെ ഉറവിടത്തെക്കുറിച്ച് നിലമ്പൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. കേസിൽ നാല് പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പട്ടിമറ്റം സ്വദേശികളായ അഖിൽ മോഹൻ, അനീഷ് ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി അനീഷ് കുമാർ എന്നിവരാണ് ആനക്കൊമ്പ് കൈമാറ്റം ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായത്.

അഖിൽ മോഹന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വാങ്ങാനാണ് ആലപ്പുഴയിൽ നിന്ന് ശ്യാം ലാലും അനീഷ്കുമാറും എത്തിയത്. നിലമ്പൂരിൽ നിന്ന് രണ്ട് മാസം മുൻപാണ് ആനക്കൊമ്പ് കിട്ടിയതെന്നാണ് അഖിലിന്റെ മൊഴി. ആനക്കൊമ്പ് എപ്പൊ എവിടെ വച്ച് മുറിച്ചെടുത്തു, അഖിലിന് ഇത് എങ്ങനെ കിട്ടി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം നിലമ്പൂരിലെത്തി അന്വേഷണം നടത്തുന്ന കാര്യത്തിൽ ഉദ്യാഗസ്ഥർ തീരുമാനമെടുക്കും.

നിലമ്പൂരിൽ നേരത്തെ ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടവരുമായി പിടിയിലായവർക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. അ‍ഞ്ച് ലക്ഷം രൂപക്കാണ് ആനക്കൊമ്പ് കൈമാറാൻ തീരുമാനിച്ചിരുന്നത്. പിടിയിലായവരുടെ കാറും ഇരുചക്രവാഹനവും കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. നിലമ്പൂരിൽ നിന്ന് കിട്ടിയ ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് നാല് പേരെ ഞായറാഴ്ച വനംവകുപ്പ് സംഘം പിടികൂടുന്നത്.

Related Articles

Latest Articles