Monday, December 15, 2025

ജയിൽച്ചാട്ടം ! ഗോവിന്ദച്ചാമി 14 ദിവസം റിമാൻഡിൽ; വിയ്യൂരിലേക്ക് മാറ്റും

കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടും ക്രിമിനൽ ​ഗോവിന്ദച്ചാമിയെ 14 ദിവസം റിമാൻഡിൽ. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഗോവിന്ദച്ചാമിയെ ഇന്ന് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. ജയിൽ വകുപ്പ് തീരുമാന പ്രകാരമാണിത്.

നേരത്തെ ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് ഇയാളെ പള്ളിക്കുന്നിലുള്ള ജയിലിലെത്തിച്ചത്. സെല്ലിൽ നിന്ന് എങ്ങനെയാണ് പുറത്തിറങ്ങിയതെന്നും മതിൽ ചാടിക്കടന്നത് എങ്ങനെയെന്നും യാതൊരു കൂസലുമില്ലാതെ ഗോവിന്ദച്ചാമി പോലീസുകാരോട് വിശദീകരിച്ചു. തിരിച്ചുകൊണ്ടുപോകാനായി പോലീസ് വാനിൽ കയറ്റിയിരുത്തിയ സമയത്ത് വാനിന്‍റെ ജനാലയിൽക്കൂടി ഗോവിന്ദച്ചാമി ജനക്കൂട്ടത്തിനും മാധ്യമപ്രവർത്തകർക്കും നേരേ കൈവീശിക്കാണിച്ചു.

അതേസമയം, ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. രാത്രിയിലെ ഡ്യൂട്ടിക്കായി മൂന്ന് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ഉറങ്ങിപ്പോയെന്നാണ് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥനും ഉറങ്ങിപ്പോയതായെന്നാണ് വിവരം. സെല്ലിനകത്ത് പ്രതികള്‍ ഉണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം എന്നിരിക്കെ ഇക്കാര്യത്തിലും ഗുരുതരമായ വീഴ്ച സംഭവിച്ചു. സെല്ലിന് പുറത്തെത്തിയ ഗോവിന്ദച്ചാമി, പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles