ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ ലോഡ്ജ് ഉടമയുടെ മൊഴിയെടുത്ത് സിബിഐ അന്വേഷണസംഘം. ലോഡ്ജിൽ സംഘം പരിശോധനയും നടത്തി. ജസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തിയ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയെടുത്തില്ല. ഇവരുടെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.
കാണാതെയാകുന്നതിന് രണ്ട് ദിവസം മുന്‍പ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ ഒരു യുവാവിനൊപ്പം കണ്ടെന്നും ടെസ്റ്റെഴുതാന്‍ വന്നതാണെന്നാണ് പറഞ്ഞിരുന്നതെന്നും വെളിപ്പെടുത്തി ലോഡ്ജിലെ മുൻ ജീവനക്കാരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പത്രത്തില്‍ അടുത്ത ദിവസം പടം കണ്ടാണ് ജെസ്നയാണെന്ന് തിരിച്ചറിഞ്ഞതെന്നും ഉടന്‍ തന്നെ ലോഡ്ജുടമയെ വിവരമറിയിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ പറയുന്നു. വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനാണ് ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു. അതേസമയം ചെറുപ്പക്കാരനെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലിനെതിരെ ജെസ്‌നയുടെ പിതാവ് ജെയിംസ് രംഗത്ത് വന്നിരുന്നു . ഇപ്പോഴുണ്ടായ പ്രതികരണം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നുമായിരുന്നു ജെയിംസിന്റെ പ്രതികരണം.

