വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ മോഡലും ഡോക്ടറുമായ കാര്‍ത്തിക പ്രദീപിന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമെന്ന് പോലീസ്. കാപ്പാ കേസിലടക്കം ഉള്‍പ്പെട്ട പ്രതികളുമായാണ് യുവതിക്ക് ബന്ധമുണ്ടായിരുന്നത്. കാപ്പാ കേസ് പ്രതികളെ ഉപയോഗിച്ചാണ് കാര്‍ത്തിക പല ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. തട്ടിയെടുത്ത പണം ഇവർ ലഹരി ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാര്‍ത്തികയുടെ ലഹരി ബന്ധത്തില്‍ അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ്.
തട്ടിപ്പില്‍ കാര്‍ത്തികയുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന സംശയത്തില്‍ ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അന്താരാഷ്ട്ര ബാര്‍ബര്‍ഷോപ്പ് ബ്രാന്‍ഡില്‍(സലൂണ്‍) മാനേജരാണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. ഇയാളുടെ സഹോദരന്റെ സ്‌കോട്‌ലാന്‍ഡിലെ ആത്മഹത്യയും ദുരൂഹമാണ്. ആത്മഹത്യയാണെന്ന് കണ്ടെത്തി വിദേശ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എങ്കിലും ആത്മഹത്യയുടെ കാരണം കണ്ടെത്തിയിട്ടില്ല. ഇതിന് പിന്നിലും ജോലി തട്ടിപ്പ് കേസിന് ബന്ധമുണ്ടോ എന്ന സംശയം സജീവമാണ്.
കാര്‍ത്തിക പ്രദീപിന്റെ കണ്‍സള്‍ട്ടന്‍സി കമ്പനി ‘ടേക്ക് ഓഫി’നെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികള്‍ നിലവിലുണ്ട്. യുക്രെയ്‌നില്‍ എംബിബിഎസ് പഠിക്കുന്ന കാലം മുതല്‍ തന്നെ ഇവർ തട്ടിപ്പ് ആരംഭിച്ചെന്ന് കണ്ടെത്തല്‍. ഓരോരുത്തരില്‍ നിന്നും കുറഞ്ഞത് എട്ട് ലക്ഷം രൂപയെങ്കിലും ഇവര്‍ വാങ്ങിയിട്ടുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
ജോലിക്കായി പണം നല്‍കി ജോലി കിട്ടാതായതോടെ പണം തിരികെചോദിച്ചവരെ ക്വട്ടേഷന്‍സംഘങ്ങളെയും കാപ്പാ കേസ് പ്രതികളെയും ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയിരുന്നത്. അതിനാല്‍, കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ട്. നേരത്തെ തട്ടിപ്പിനിരയായി പണം നഷ്ടമായവരെ കാര്‍ത്തിക ഭീഷണിപ്പെടുത്തുന്നുവെന്ന പേരില്‍ ചില ഓഡിയോക്ലിപ്പുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കാര്‍ത്തികയുടെ എംബിബിഎസ് ബിരുദം സംബന്ധിച്ചും സംശയങ്ങളുണ്ട്. യുക്രെയ്നിൽ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയെന്നാണ് കാര്‍ത്തിക അവകാശപ്പെട്ടിരുന്നത്. അതേസമയം, യുക്രെയ്നിൽ എംബിബിഎസ് പൂര്‍ത്തിയാക്കിയെങ്കിലും കാര്‍ത്തിക ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത നേടിയിരുന്നില്ലെന്ന വിവരങ്ങളുമുണ്ട്. വിദേശത്തെ ചില ആശുപത്രികളില്‍ ഇവര്‍ ജോലിചെയ്തിരുന്നതായും സൂചനകളുണ്ട്. കൊച്ചിയിലെ പ്രധാന ആശുപത്രിയില്‍ ഡോക്ടര്‍ എന്ന തരത്തിലായിരുന്നു ഫെയ്‌സ് ബുക്കില്‍ അടക്കം അവകാശ വാദം കാര്‍ത്തിക ഉന്നയിച്ചിരുന്നത്.
യുകെയില്‍ ജോലി വാഗ്ദാനംചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയില്‍നിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
പുല്ലേപ്പടിക്ക് സമീപത്തായിരുന്നു കാര്‍ത്തികയുടെ ‘ടേക്ക് ഓഫ് ഓവര്‍സീസ്’ എന്ന റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നത്. ഓസ്‌ട്രേലിയ, ജര്‍മനി, യുകെ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ തരപ്പെടുത്തിനല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും പാതയോരങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യംചെയ്തിരുന്നു.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ കാര്‍ത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. കാര്‍ത്തിക പിടിയിലായ വാര്‍ത്ത പുറത്തുവന്നതോടെ ഇവര്‍ക്കെതിരേ കൂടുതല്‍പേര്‍ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.

