രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ബിജെപി. രാജ്യത്തെ ദരിദ്രർക്കും വനവാസികൾക്കുമെതിരായ കോൺഗ്രസിന്റെ വരേണ്യസ്വഭാവമാണ് സോണിയയിലൂടെ പ്രകടമായതെന്നും സോണിയ മാപ്പ് പറയണമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ആവശ്യപ്പെട്ടു.
“ബിജെപിയുടെ എല്ലാ കാര്യകർത്താക്കളും സോണിയയുടെ പരാമർശത്തെ അപലപിക്കുകയാണ്. ആദരണീയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കഷ്ടം എന്ന് സോണിയ വിശേഷിപ്പിച്ചത് കോൺഗ്രസിന്റെ സ്വഭാവമാണ് ചൂണ്ടിക്കാട്ടുന്നത്. ദരിദ്രർക്കെതിരായ, വനവാസികൾക്കെതിരായ കോൺഗ്രസിന്റെ വരേണ്യസ്വഭാവമാണ് സോണിയയിലൂടെ പ്രകടമായത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിനോടും രാജ്യത്തെ വനവാസി സമൂഹത്തോടും കോൺഗ്രസ് പാർട്ടി നിരുപാധികം മാപ്പ് പറയണം.”- ജെപി നദ്ദ ആവശ്യപ്പെട്ടു.
ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധനയേക്കുറിച്ച് സോണിയ ഗാന്ധി നടത്തിയ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തേക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോൾ അഭിസംബോധനയില്‍ നിറയെ വ്യാജ വാഗ്ദാനങ്ങളാണെന്നും വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം തളര്‍ന്നുപോയെന്നായിരുന്നു സോണിയയുടെ മറുപടി. രാഷ്ട്രപതിയുടെ പദവിയെ ബഹുമാനിക്കാത്ത തരത്തിലാണ് സോണിയയുടെ പരാമര്‍ശം എന്നാണ് ഉയരുന്ന ആരോപണം.

