ഇന്ന് ആകാശത്ത് ഒരുങ്ങുന്നത് വിസ്മയ കാഴ്ച്ച. സൂര്യാസ്തമയം കഴിഞ്ഞ് പടിഞ്ഞാറു ഭാഗത്ത് ഗ്രഹങ്ങളായ വ്യാഴാവും ശനിയും ഒന്നിച്ച് നിൽക്കുന്നതായി കാണാം. ഒറ്റനോട്ടത്തിൽ ഒന്നിച്ചാണെന്ന് തോന്നുമെങ്കിലും രണ്ട് ഗ്രഹങ്ങളേയും രണ്ടായി കാണാൻ കഴിയൂ. അപൂർവമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. 400 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാനത്ത് ഈ അപൂർവ സംഗമം നടക്കാൻപോകുന്നത്. തെക്കു പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ഗ്രഹങ്ങളുടെ മഹാസംഗമം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാം. ‘ഗ്രേറ്റ് കൺജങ്ഷൻ’ അഥവാ മഹാ സംയോജനം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഏകദേശം ഓരോ ഇരുപത് വർഷം കൂടുമ്പോഴും വ്യാഴവും ശനിയും ഈ രീതിയിൽ ‘ഒന്നിക്കാറുണ്ട്”. ഇതിന് മുമ്പ് 2000 ലായിരുന്നു ഇത് സംഭവിച്ചത്. എന്നാൽ ഇത്രയും അടുത്ത് രണ്ട് ഗ്രഹങ്ങളേയും കാണുന്നത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്.
1623 ലാണ് അവസാനമായി ഇരു ഗ്രഹങ്ങളും ഇത്രയും അടുത്ത് ചേർന്നത്. ദക്ഷിണായനാന്ത ദിനമായ (സൂര്യൻ എറ്റവും തെക്കു ഭാഗത്തായി കാണപ്പെടുന്ന ദിവസം) ഡിസംബർ 21-നു തന്നെയാണ് ഇത്തവണ ഗ്രഹ സംഗമവും നടക്കുന്നത്. മാസങ്ങളായി ഇരു ഗ്രഹങ്ങളും പരസ്പരം അടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിൽ വൈകിട്ട് 5.28 മുതൽ 7.12 വരെയാണ് മഹാസംഗമം നടക്കുക. ചക്രവാളത്തിന് അടുത്തായി തിളക്കം കൂടി നക്ഷത്രമായി വ്യാഴത്തിനെയും തൊട്ടുമുകളിൽ അൽപ്പം തെക്കുമാറി ശനിയേയും കാണാം. ആദ്യത്ത അരമണിക്കൂറാണ് അപൂർവ കാഴ്ച്ച ഏറ്റവും വ്യക്തമായി ദൃശ്യമാകുക. തുടർന്ന് രണ്ട് മണിക്കൂറോളം ഇവ ഇതേ രീതിയിൽ ഉണ്ടാകും. മാനം നന്നായി കാണാവുന്നതും അധികം വെളിച്ചമില്ലാത്തതും ആയ സ്ഥലത്ത് സൂര്യാസ്തമയത്തോടെ എത്തിച്ചേർന്നാൽ കാഴ്ച നന്നായി ആസ്വദിക്കാമെന്ന് വിദഗ്ധർ പറയുന്നു. ബൈനാക്കുലറിന്റെ സഹായത്തോടെ മഹാസംഗമം വ്യക്തമായി കാണാൻ സാധിക്കും. ഭൂമിയിൽ നിന്നും 735 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഇരു ഗ്രഹങ്ങളും സ്ഥിതി ചെയ്യുകയെങ്കിലും ഭൂമിയോട് ഏറ്റവും അടുത്തുള്ളതായി തോന്നും. ഇനി വീണ്ടും ഇവയെ ഇത്രയും അടുത്ത് ഒന്നിച്ച് കാണണമെങ്കിൽ അറുപത് വർഷങ്ങൾ കാത്തിരിക്കണം.
സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ഏറ്റവും വലിയവയാണ് വ്യാഴവും ശനിയും. ഭൂമിയെ അപേക്ഷിച്ച് സൂര്യനിൽ നിന്ന് വളരെ അകലെയായതിനാൽ പതുക്കെയാണ് ഇരു ഗ്രഹങ്ങളുടെയും സഞ്ചാരം. വ്യാഴം ഒരു തവണ സൂര്യനെ വലംവെയ്ക്കാൻ 12 വർഷമെടുക്കും. ശനി മുപ്പത് വർഷമെടുത്താണ് സൂര്യനെ ഒരു തവണ വലം വെക്കുന്നത്. ഇതിനിടയിൽ മൂന്ന് തവണയാണ് വ്യാഴം ശനിയെ മറികടക്കുന്നത്. 1623 സംഭവിച്ച ഗ്രേറ്റ് കൺജങ്ഷന് സാക്ഷിയാകാൻ ഗലീലിയോ അടക്കമുള്ളവർ ഉണ്ടായിരുന്നു. 1623-ൽ ഇതുപോലെ ഇരു ഗ്രഹങ്ങളും അടുത്തുവന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാൽ ഭൂമിയിൽ ദൃശ്യമായിരുന്നില്ല. അടുത്തത് കാണാൻ 60 വർഷം കാത്തിരിക്കണം (2080 മാർച്ച്). സൂര്യനെ പരിക്രമണം ചെയ്യാൻ വ്യാഴം 11.86 ഭൗമവർഷവും ശനി 29.4 ഭൗമ വർഷവും എടുക്കും. അതിനാൽ ഓരോ 19.85 ഭൗമവർഷത്തിലും ഇവ രാത്രി ആകാശത്ത് പരസ്പരം കടന്നു പോകുന്നതായി കാണപ്പെടുന്നു. എന്നാലും ഭൂമിയുടെയും വ്യാഴത്തിന്‍റെയും ശനിയുടെയും പാതകൾ തമ്മിലുള്ള ചരിവ് കാരണം അവ പലപ്പോഴും ഒരു നേർരേഖയിൽ വരാറില്ല. തിങ്കളാഴ്ച ഇവ നേർരേഖയിലാണ് എത്തുന്നത്.

