ദില്ലി : അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം നായകനും സ്പിന്നറുമായ റാഷിദ് ഖാൻ താൻ രണ്ടാമതും വിവാഹിതനായ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആദ്യ വിവാഹം കഴിഞ്ഞ് പത്ത് മാസത്തിന് ശേഷം ഓഗസ്റ്റ് 2-ന് നടന്ന നിക്കാഹിനെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്. വ്യക്തിപരമായ വിവരങ്ങൾ പങ്കുവെച്ച താരം, ഒപ്പം സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
നെതർലാൻഡ്‌സിൽ നടന്ന ‘റാഷിദ് ഖാൻ ചാരിറ്റി ഫൗണ്ടേഷൻ’ പരിപാടിയിൽ പരമ്പരാഗത അഫ്ഗാൻ വേഷം ധരിച്ച ഒരു സ്ത്രീക്കൊപ്പം റാഷിദ് ഖാൻ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഈ അഭ്യൂഹങ്ങൾക്കെല്ലാം മറുപടി നൽകിക്കൊണ്ട് താരം സോഷ്യൽ മീഡിയയിൽ രണ്ടാം വിവാഹം സ്ഥിരീകരിക്കുകയായിരുന്നു.
“2025 ഓഗസ്റ്റ് 2-ന്, എന്റെ ജീവിതത്തിലെ പുതിയതും അർത്ഥവത്തുമായ ഒരു അദ്ധ്യായം ഞാൻ ആരംഭിച്ചു. ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന സ്നേഹവും സമാധാനവും പങ്കാളിത്തവും ഉൾക്കൊള്ളുന്ന ഒരു സ്ത്രീയെ നിക്കാഹ് ചെയ്തുകൊണ്ട് ഞാൻ വിവാഹം കഴിച്ചു. അടുത്തിടെ ഞാൻ എന്റെ ഭാര്യയെ ഒരു ചാരിറ്റി പരിപാടിയിലേക്ക് കൊണ്ടുപോയിരുന്നു, വളരെ ലളിതമായ ഒരു കാര്യത്തിൽ നിന്ന് ഊഹങ്ങൾ ഉണ്ടാക്കുന്നത് നിർഭാഗ്യകരമാണ്. അവൾ എന്റെ ഭാര്യയാണ്, ഞങ്ങൾക്ക് മറച്ചുവെക്കാൻ ഒന്നുമില്ല. സ്നേഹവും പിന്തുണയും നൽകിയ എല്ലാവർക്കും നന്ദി.”- റാഷിദ് ഖാൻ കുറിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു റാഷിദ് ഖാന്റെ ആദ്യ വിവാഹം നടന്നത്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മാതൃസഹോദരിയുടെ മകളായിരുന്നു. ആദ്യ വിവാഹത്തിൽ മൊഹമ്മദ് നബി, നസീബ് ഖാൻ, അസ്മത്തുള്ള ഒമർസായ്, മുജീബ് ഉർ റഹ്മാൻ തുടങ്ങിയ ദേശീയ ടീമിലെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി കളിക്കുന്ന റാഷിദ് ഖാൻ, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച താരമാണ്. 2019-ൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റുകളിലുമുള്ള ക്യാപ്റ്റനായി അദ്ദേഹം ചുമതലയേറ്റു. 108 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് 13.69 ശരാശരിയിൽ 182 വിക്കറ്റുകൾ നേടി ടി20 ഫോർമാറ്റിലെ ലോകത്തെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ് റാഷിദ് ഖാൻ.
അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് അഫ്ഗാനിസ്ഥാൻ കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിൽ സെമി ഫൈനലിൽ പ്രവേശിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം എന്നിവ ജനങ്ങൾക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് റാഷിദ് ഖാൻ അടുത്തിടെ റാഷിദ് ഖാൻ ഫൗണ്ടേഷനും ആരംഭിച്ചിട്ടുണ്ട്.

