ലക്നൗ: വോട്ട് ചോദിച്ചെത്തിയ യുപിയിലെ അംറോഹ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ഡാനിഷ് അലിയെ തടഞ്ഞ് മുസ്ലീം വിശ്വാസികൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേർ ഡാനിഷ് അലിയുടെ കാറിന് ചുറ്റും നിന്ന് മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
അംറോയിലെ നൗഗാവ് തഹസിൽ നഗരത്തിൽ എത്തിയപ്പോഴാണ് ഡാനിഷ് അലിയെ ജനങ്ങൾ തടഞ്ഞത്. മറ്റ് കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പമാണ് ഡാനിഷ് അലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം എന്തു ചെയ്തുവെന്ന് വ്യക്തമാക്കിയിട്ട് പോയാൽ മതിയെന്നായിരുന്നു പ്രദേശവാസികൾ പറഞ്ഞത്. വിവാദം ഒടുവിൽ സംഘർഷാവസ്ഥയിലേയ്‌ക്കെത്തി.
ചിലർ ഇയാളുടെ കാറിന് മുകളിലും കയറി. കഴിഞ്ഞ അഞ്ച് വർഷമായി ഡാനിഷ് അലി ഈ പ്രദേശത്ത് വന്നിട്ടില്ലെന്നും വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
2019ൽ ഡാനിഷ് അലി ബിഎസ്പി ടിക്കറ്റിൽ നിന്നാണ് അമ്രോഹ മണ്ഡലത്തിൽ മത്സരിച്ചത്. പിന്നീട് ബഹുജൻ സമാജ് പാർട്ടി ഡാനിഷ് അലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അടുത്തിടെ അദ്ദേഹം കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും അംറോഹയിൽ നിന്ന് സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

