Monday, December 22, 2025

ചുവപ്പുനാടയിൽ കുരുങ്ങിയ നീതി വൈകിയെത്തി !ഷിജോയുടെ ജീവൻ കവർന്ന ശമ്പളക്കുടിശ്ശിക ഒടുവിൽ അക്കൗണ്ടിൽ

പത്തനംതിട്ട: നാറാണംമൂഴിയിൽ അദ്ധ്യാപികയുടെ ശമ്പളക്കുടിശ്ശിക ലഭിക്കാനുള്ള കാലതാമസത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. ചുവപ്പുനാടയിൽ കുരുങ്ങി കിടന്ന 12 വർഷത്തെ ശമ്പളക്കുടിശ്ശിക ഒടുവിൽ അദ്ധ്യാപികയുടെ അക്കൗണ്ടിലെത്തി. അദ്ധ്യാപികയുടെ ശമ്പളക്കുടിശ്ശികയുടെ ആദ്യ ഗഡുവാണ് അക്കൗണ്ടിലെത്തിയത്. മൊത്തം തുകയുടെ പകുതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ബാക്കി തുക പ്രോവിഡൻ്റ് ഫണ്ട് അക്കൗണ്ടിൽ എത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു.വകുപ്പ് തല അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

നാറാണംമൂഴി സെൻ്റ് ജോസഫ് ഹൈസ്കൂളിലെ അദ്ധ്യാപികയായ ലേഖ രവീന്ദ്രന്റെ ഭർത്താവ് ഷിജോയാണ് കഴിഞ്ഞയാഴ്ച സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ആത്മഹത്യ ചെയ്തത്. നാറാണംമൂഴി സെൻറ് ജോസഫ് ഹൈസ്കൂളിൽ 2012 ലാണ് ലേഖ രവീന്ദ്രൻ ജോലിയിൽ കയറുന്നത്. മുൻപ് ജോലി ചെയ്യുകയും പിന്നീട് രാജിവച്ചു പോകുകയും ചെയ്ത അദ്ധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം ഉന്നയിച്ചു. തർക്കം കോടതി കയറി ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടിയെന്ന് ഷിജോയുടെ കുടുംബം പറയുന്നു. ശമ്പളം നൽകണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഡിസംബർ നൽകിയതാണ്. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

ഒരു മകനാണ് ഷിജോയ്ക്കുള്ളത്. ഈറോഡ‍ിൽ എഞ്ചിനീയറിങ്ങിനുള്ള അഡ്മിഷൻ സമയമായിരുന്നു. ഭാര്യയുടെ ശമ്പള കുടിശ്ശിക കിട്ടുമ്പോൾ അതിന് വിനിയോഗിക്കാം എന്നായിരുന്നു കരുതിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി തടസ്സമായി. മാത്രമല്ല കൃഷിവകുപ്പിന് കീഴിൽ വിഎഫ്പിസികെ യിലെ ഫീൽഡ് സ്റ്റാഫായിരുന്നു ഷിജോ. അവിടെയും ശമ്പളം കിട്ടാനുണ്ടെന്ന് കുടുംബം പറയുന്നു. തുടര്‍ന്നാണ് ഷിജോ ജീവനൊടുക്കിയത്.

ഷിജോയുടെ ജീവൻ കവർന്ന ശേഷമാണ് നീതിയുടെ ചുവപ്പടയാളങ്ങൾ മാഞ്ഞുപോയതെങ്കിലും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

Related Articles

Latest Articles