ദില്ലി : കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു ജ്യോതിരാദിത്യ സിന്ധ്യ രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്.
18 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ നിന്നത് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ അതിനു സാധിക്കുന്നില്ലെന്നും സിന്ധ്യ പറഞ്ഞു. കോണ്‍ഗ്രസ് തന്നെ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മധ്യപ്രദേശ് സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് സിന്ധ്യയുടെ രാജി. സിന്ധ്യയ്ക്കു പിന്തുണ നല്‍കി 17 എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ അജ്ഞാത കേന്ദ്രങ്ങളിലാണ്. അതേസമയം സിന്ധ്യയെ അനുനയിപ്പിക്കുന്നതിനായി സോണിയയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് സിന്ധ്യയുടെ രാജിക്കത്ത് ലഭിച്ചത്.
നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാമെന്ന നിലപാടാണ് സിന്ധ്യ സ്വീകരിച്ചത്. തനിക്കൊപ്പം നിരവധി എംഎല്‍എമാര്‍ ഉണ്ടെന്നും സിന്ധ്യ മോദിയെയും അമിത് ഷായെയും അറിയിച്ചു.

