ദില്ലി : കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരനെ ഉടന്‍ മാറ്റാൻ ഹൈക്കമാൻഡിൽ തീരുമാനമായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ കെ സുധാകരന്‍ ഇന്ന് ദില്ലിയിലെത്തിയിരുന്നു. അദ്ധ്യക്ഷ മാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ദില്ലിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. സുധാകരനെ ദേശീയ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാക്കും.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃനിരയിൽ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. വരുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പുതിയ നേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ആന്റോ ആന്റണി എംപി, സണ്ണി ജോസഫ് എംഎല്‍എ എന്നിവരെയാണ് പുതിയ അദ്ധ്യക്ഷനാവാന്‍ പരിഗണിക്കുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു.

