കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിച്ചടുക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്നും കേരളത്തില്‍ സംഘടിപ്പിച്ച ലോകകേരളസഭയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്‌ന ആയിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വപ്നയ്ക്ക് മറ്റു മന്ത്രിമാരുമായും സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്ത് സ്വപ്‌ന തുടങ്ങിയ ഒരു കാര്‍ ബിസിനസ് സ്ഥാപനം ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു. തലസ്ഥാനത്തു നടക്കുന്ന മിക്ക സര്‍ക്കാര്‍ ചടങ്ങുകളിലും സ്വപ്‌നയുടെ സാന്നിധ്യമുണ്ടായിരുന്നു. ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ സര്‍ക്കാരിനു വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയത് സ്വപ്‌ന ആയിരുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.
താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണം. എന്നിട്ടും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റത്തതിനു പിന്നിലെ കാരണം എല്ലാവര്‍ക്കുമറിയാമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

