Tuesday, December 16, 2025

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ; ആറു പ്രതികളുടെയും വിടുതൽ ഹർജ്ജി അംഗീകരിച്ച് കോടതി; സത്യമേവ ജയതേ എന്ന് ഫേസ്ബുക്കിൽ കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

കാസർകോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ. കാസർകോഡ് ജില്ലാ സെഷൻസ് കോടതി ആറു പ്രതികളുടെയും വിടുതൽ ഹർജ്ജി അംഗീകരിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും നിലനിൽക്കില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ച ബി എസ് പി സ്ഥാനാർത്ഥി സുന്ദരയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ 17 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നും ഇതിൽ രണ്ടര ലക്ഷം രൂപയും ഫോണും നൽകിയെന്നുമാണ് കേസ്. സിപിഎം നേതാവ് വി വി രമേശാണ് പരാതിക്കാരൻ.

അതേസമയം കേസിന് പിന്നിൽ കോൺഗ്രസ്, സിപിഎം, ലീഗ് ഗൂഡാലോചനയാണെന്നും തന്നെ തെരെഞ്ഞെടുപ്പിൽ നിന്നും എന്നന്നേയ്ക്കുമായി ഇലാതാക്കാനുമാണ് ശ്രമിച്ചതെന്നും കെ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സത്യമേവ ജയതേ എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് സുരേന്ദ്രൻ വിധിയെ വരവേറ്റത്. എന്നാൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും വിധിക്കെതിരെ അപ്പീലിന് പോകുമെന്നും ഹർജിക്കാരനും പ്രതികരിച്ചത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 65758 വോട്ടുകൾ നേടി മുസ്ലിം ലീഗ് സ്ഥാനാർത്ഥി എ കെ എം അഷറഫാണ് വിജയിച്ചത്. 65013 വോട്ടുകൾ നേടി കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. വെറും 745 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അഷറഫിനുണ്ടായിരുന്നത്. സിപിഎം സ്ഥാനാർത്ഥിയായിരുന്ന വി വി രമേശിന് 40639 വോട്ടുകൾ മാത്രമാണ് കിട്ടിയത്.

Related Articles

Latest Articles