തിരുവനന്തപുരം: കോൺഗ്രസിലെ സീനിയർ ലോക്‌സഭാംഗവും, മിടുക്കനും, സർവ്വോപരി ദളിത് സമുദായാംഗവുമായ കൊടിക്കുന്നിൽ സുരേഷിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പരിഹാസം. രണ്ടു ദിവസത്തേക്ക് പ്രോടൈം സ്പീക്കറാക്കാത്തതിലുള്ള കോൺഗ്രസിന്റെ പ്രതിഷേധം അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കി പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി വിജയിച്ച വയനാട് സീറ്റ് ഇപ്പോൾ പ്രിയങ്ക ഗാന്ധിക്ക് നൽകുന്ന കുടുംബാധിപത്യ പ്രവണതയെയും സുരേന്ദ്രൻ പോസ്റ്റിൽ വിമർശിക്കുന്നുണ്ട്. നേരത്തെ പ്രോടൈം സ്‌പീക്കർ സ്ഥാനം കൊടിക്കുന്നിൽ സുരേഷിന് നൽകാത്തതിനെതിരെ കോൺഗ്രസ് വിമർശനവുമായി രംഗത്ത് വന്നിരുന്നു. ദളിത് സമുദായ അംഗമായതിനാലോ സ്ഥാനം സുരേഷിന് നിഷേധിച്ചതെന്ന് കോൺഗ്രസ് ചോദിച്ചിരുന്നു. ഒറീസയിൽ നിന്നുള്ള ലോക്‌സഭാംഗം ഭർത്തൃഹരി മഹ്താബിനെയാണ് പ്രോടൈം സ്‌പീക്കറായി നിയമിച്ചത്.
സുരേന്ദ്രന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
‘കോൺഗ്രസ്സിലെ ഏറ്റവും സീനിയർ എം. പി, മിടുക്കൻ, സർവ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും ‘കുടുംബ’ വീടായ കേരളത്തിൽ നിന്നുള്ള അംഗം. ഏത് നിലയ്ക്കുനോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്.രണ്ടുദിവസത്തേക്കുള്ള പ്രോടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ്സ് പാർട്ടി പ്രകടിപ്പിക്കേണ്ടത്. പ്രിയ സുഹൃത്ത് കൊടിക്കുന്നിൽ സുരേഷിന് മുൻകൂറായി സർവ്വമംഗളങ്ങളും നേരുന്നു’.

