പാലക്കാട്: വസ്തുതകൾ തുറന്നെഴുതിയതിന് ഇ പി യെ അഭിനന്ദിക്കുന്നതായും സിപിഎമ്മിൽ നിന്ന് ഒരു ഭീഷണിയെയും ഭയക്കേണ്ടതില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ പി ജയരാജൻ പറഞ്ഞിടത്ത് ഉറച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സമ്പൂർണ്ണ തകർച്ചയിലേക്ക് എന്നതിന്റെ തെളിവാണ് ഇ പി യുടെ പുസ്തകം. ബംഗാളിലും ത്രിപുരയിലും സിപിഎം എങ്ങനെയാണോ തകർന്നത് അതേ മാതൃകയിൽ അത് കേരളത്തിലും തകരും. അധികാരവും സമ്പത്തും പാർട്ടിയിൽ ഒരേ കുടുംബത്തിൽ കേന്ദ്രീകരിക്കുന്നതിന്റെ പ്രശ്‌നമാണ് സിപിഎമ്മിൽ. അധികാര കൈമാറ്റം മരുമകനിലേക്ക് അനായാസം നടത്താനുള്ള ശ്രമമാണ് പാർട്ടിയിൽ നടക്കുന്നതെന്നും അതിനെതിരെയുള്ള രോഷം അലയടിക്കുന്നതിന്റെ ലക്ഷണമാണ് ഇ പി യുടെ വാക്കുകളെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ പി ജയരാജൻ, തോമസ് ഐസക്ക്, ജി സുധാകരൻ, എ കെ ബാലൻ, എം എ ബേബി തുടങ്ങിയവരെ ഒതുക്കി നിർത്തിയത് മുഹമ്മദ് റിയാസിന് വേണ്ടിയാണ്. പിണറായിയുടെ കുടുംബം സിപിഎമ്മിനെ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്. പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ കുറിച്ച് ഇ പി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അർബൻ നക്‌സലുകളെയും തീവ്രവാദികളെയും സഹായിക്കുന്ന നിലപാടാണ് പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ഉള്ളതെന്നും സി എ എ വിരുദ്ധ സമര സമയത്ത് നിയമത്തെ അനുകൂലിക്കുന്ന ഭൂരിപക്ഷ വിഭാഗത്തിന് ചികിത്സയില്ല എന്ന് ബോർഡ് എഴുതിവച്ച ഡോക്ടറാണ് സ്ഥാനാർത്ഥി ആയശേഷം കുറിയിട്ട് അഗ്രഹാരങ്ങളും അമ്പലങ്ങളും കയറിയിറങ്ങുന്നതെന്നും. ഇത് ജനം മനസിലാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

