Friday, January 2, 2026

ബാർകോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരം; എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക്: കെ. സുരേന്ദ്രൻ

കോഴിക്കോട്: ബാർകോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ് ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. അഴിമതിക്കേസുകൾ വെച്ച് ജോസ് കെ.മാണിയെ ബ്ലാക്ക് മെയിൽ ചെയ്താണ് കൂടെ കൂട്ടിയിരിക്കുന്നത്.
എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക് പോകുന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ.എം. മാണിക്കെതിരായ അഴിമതി ആരോപണങ്ങളും സമരങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും തൊണ്ടതൊടാതെ വിഴുങ്ങി. കേരള കോൺഗ്രസിന്റെ അഴിമതികളെല്ലാം ഇപ്പോൾ സി.പി.എം. പൂർണമായും ഏറ്റെടുത്തിരിക്കുകയാണ്. എൽഡിഎഫിന്റെ പ്രഖ്യാപിത നയങ്ങൾ കാപട്യമാണെന്ന് തെളിഞ്ഞു.

അഴിമതിക്കേസുകൾവെച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ജോസ് കെ. മാണിയെ കൂടെനിർത്തി. ബാർകോഴ കേസ് തേച്ച്മായ്ച്ച് കളയാൻ കഴിയില്ല. ശതകോടികളുടെ ഇടപാടാണ് ബാർകോഴ കേസിൽ നടന്നിട്ടുള്ളത്. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം ഉണ്ടെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ.

ഇപ്പോൾ സ്വർണക്കടത്തിലും ലൈഫ് മിഷൻ ഇടപാടിലുമെല്ലാം പിണറായി വിജയനും നോട്ടെണ്ണൽ യന്ത്രത്തിന്റെ ആവശ്യമുണ്ട്. അതിനാലാണോ നോട്ടെണ്ണൽ യന്ത്രം കൈവശമുള്ള പാർട്ടിയെ മുന്നണിയിലേക്ക് വിളിച്ചതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. ഇനി പാലാരിവട്ടം കേസ് കൂടി അട്ടിമറിച്ച് മുസ്ലീം ലീഗിനെ കൂടി മുന്നണിയിലെടുക്കുന്നതാകും നല്ലത്. മുസ്ലീം ലീഗിന്റെ അഴിമതി കേസുകൾ അട്ടിമറിച്ച് അവരെ സ്വീകരിക്കുമോ എന്നാണ് കേരളത്തിന് അറിയാനുള്ളത്. എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ചത് ഇത്തരത്തിലുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.

ബാർകോഴ കേസ് നിയമസഭാ രേഖകളിലുള്ള അഴിമതി ആരോപണമാണ്. അതിൽ വസ്തുനിഷ്ടമായ അന്വേഷണം നടക്കണം. കേരള സർക്കാർ അന്വേഷിക്കാൻ തയ്യാറായില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഒരു പാർട്ടിയെയും രാഷ്ട്രീയമായി മുന്നണിയിലെടുക്കുന്നതിന് തടസമില്ല. പക്ഷേ, അഴിമതി കേസുകൾ ഇല്ലാതാക്കരുത്.

മധ്യകേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമാകുന്നതോടെ എൻ.ഡി.എ. ശക്തമായി മുന്നോട്ടുവരും. ഇനി മധ്യതിരുവിതാംകൂറിലും മധ്യകേരളത്തിലും എൻ.ഡി.എയും എൽ.ഡി.എഫും തമ്മിൽ നേർക്കുനേർ കനത്ത മത്സരമുണ്ടാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles