Saturday, December 20, 2025

വീണ്ടും കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു; സർവ്വീസ് ആരംഭിച്ച് 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ അപകടം; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ

തിരുവനന്തപുരം: വീണ്ടും കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്‌ക്ക് പുറപ്പെട്ട ബസാണ് വീണ്ടും അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽവെച്ചാണ് അപകടം ഉണ്ടായത്. സർവീസ് തുടങ്ങി 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ബസ് അപകടത്തിൽപ്പെടുന്നത്. ആദ്യം തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം ബസ് അപകടത്തിൽപ്പെട്ടിരുന്നു. മലപ്പുറത്ത് വെച്ച് എതിർദിശയിൽ നിന്നും എത്തിയ സ്വകാര്യബസുമായാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.എന്നാൽ ബസിന്റെ പെയിന്റ് പോയിട്ടുണ്ട്. പിന്നിലെ ബ്രേക്ക് ലൈറ്റിനും കേടുപാട് ഉണ്ടായി.

അതേസമയം, കന്നിയാത്രയിൽ തന്നെ ബസുകൾ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കെഎസ്ആർടിസി എംഡി രംഗത്തുവന്നു. അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിയ്‌ക്ക് പരാതി നൽകിയിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവ്വഹിച്ച കെഎസ്‌ആര്‍ടിസി സ്വിഫ്ട് ബസ് കന്നിയാത്രയില്‍ തന്നെ അപകടത്തിൽപെട്ടത്. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം തമ്പാനൂരില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിഫ്ട് ബസ് ഫ്ളാഗ് ഒഫ് ചെയ്തത്. ആര്‍ക്കും പരിക്കില്ല.

എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിപ്പോയി. ഈ മിററിന് പകരമായി കെ എസ് ആര്‍ ടി സിയുടെ സാധാ സൈഡ് മിറര്‍ ഫിറ്റ് ചെയ്താണ് സര്‍വീസ് തുടർന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ തമ്പാനൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഗജരാജ വോള്‍വോ ബസ് പാരിപ്പള്ളിയ്ക്കടുത്ത് കല്ലമ്പലത്തുവച്ചാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന ലോറിയുടെ സൈഡില്‍ തട്ടിയാണ് അപകടമുണ്ടായത്. ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സിക്ക് കീഴില്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്ട്. 8 എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ബസുകള്‍ ഉള്‍പ്പടെ 116 ബസുകളുമായാണ് കമ്പനി സര്‍വീസ് ആരംഭിച്ചത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്.

Related Articles

Latest Articles