Friday, December 19, 2025

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ് !പോലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന റിബേഷ് രാമചന്ദ്രനെ പിന്തുണച്ച് ഡിവൈഎഫ്ഐ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ കോളിളക്കമുണ്ടാക്കിയ കാഫിര്‍ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങൾ വൻ വിവാദമായതിന് പിന്നാലെ റിപ്പോർട്ടിൽ പരാമർശിക്കുന്ന ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമചന്ദ്രനെ പിന്തുണച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതൃത്വം. റിബേഷ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കാഫിർ സ്ക്രീൻ ഷോട്ട് എങ്ങനെ ഉണ്ടായെന്ന് അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞു. വിഷയത്തില്‍ റിബേഷ് കോടതിയെ സമീപിച്ചാല്‍ പിന്തുണയ്ക്കുമെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

നേരത്തെ സ്ക്രീൻഷോട്ട് വിവാദത്തില്‍ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. അദ്ധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിരിക്കുന്നത്. കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. റിബേഷിന്‍റെ ചിത്രങ്ങളും കാസിം പുറത്തു വിട്ടിരുന്നു. ഈ പോസ്റ്റ് ആദ്യമായി പോസ്റ്റ് ചെയ്തയാളാണ് റിബേഷ് എന്ന് വ്യക്തമായിട്ടും കേസില്‍ പ്രതി ചേര്‍ക്കാതെ സാക്ഷിയാക്കിയത് ഒത്തുകളിയാണെന്നാണ് ആരോപണം.

Related Articles

Latest Articles