പാലക്കാട്: നർത്തകി നീനാ പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയതിൽ ന്യയീകരണവുമായി കലാം പാഷ. നൃത്തം തടസപ്പെടുത്തിയതില്‍ പങ്കില്ല. 6 വര്‍ഷം താന്‍ കര്‍ണാടക (Karnataka) സംഗീതം പഠിച്ചിട്ടുണ്ട്. ഭരതനാട്യത്തില്‍ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. മതപരമായ കാരണങ്ങളാല്‍ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ കാരണങ്ങളാൽ നൃത്തം തടസപ്പെടുത്തിയെന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്ന് പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റിനയച്ച കത്തിൽ ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. താനല്ല, തന്റെ ജീവനക്കാരനാണ് ശബ്ദം കുറയ്ക്കാൻ ഡിവൈഎസ്‌പിയോട് ആവശ്യപ്പെട്ടത്. കോടതിയിലെ അഭിഭാഷകരുടെ പ്രതിഷേധം നിയമവിരുദ്ധമാണ്. ബാർ അസോസിയേഷന്റെ തീരുമാന പ്രകാരമല്ല പ്രതിഷേധം നടന്നത് എന്ന് അറിയാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് മൊയിന്‍ എൽ പി സ്‌കൂളില്‍ ശ്രീചിത്രന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു നര്‍ത്തകി നീനാ പ്രസാദിന് തിക്താനുഭവം ഉണ്ടായത്.
8 മണിക്ക് കച്ചേരി ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ പൊലീസ് നൃത്തം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂളിനടുത്ത് താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപ്പെട്ട് കലാപരിപാടിയില്‍ അലോസരം സൃഷ്ടിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നീന പ്രസാദ് വെളിപ്പെടുത്തിയിരുന്നു.

