ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്നും സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്
വാഹനാപകടത്തിലേക്ക് നയിച്ചത് പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്‍റെ കണ്ടെത്തല്‍. കനത്ത മഴയും, വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവർ ലോഡും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു

