കൊച്ചി: കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. ഒന്നാംപ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. മന്‍സീദിനും സ്വാലിഹിനും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെന്ന് കോടതി നിരീക്ഷിച്ചു
മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും പിഴയും നാലാം പ്രതി കോഴിക്കോട് കുറ്റാടി സ്വദേശി എന്‍.കെ റംഷാദിന് മൂന്ന് വര്‍ഷം തടവ്, അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന്‍ എട്ട് വര്‍ഷം തടവ്, എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മെയ്നുദീന്‍ പാറക്കടവത്തിന് മൂന്ന് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. ഇതില്‍ നാലാം പ്രതി റംഷാദ് ശിക്ഷ കാലാവധി അനുഭവിച്ചതിനാല്‍ ഇയാള്‍ക്ക് ജയില്‍ മോചിതനാകാം.
പ്രതികളുടെ ഐഎസ് ബന്ധം പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെങ്കിലും പ്രതികള്‍ തീവ്രവാദ പ്രചരണം നടത്തിയെന്നും യുഎപിഎ യുടെ വിവിധ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ എട്ടുപേര്‍ക്കെതിരേയും യുഎപിഎ ചുമത്തിയങ്കിലും ആറുപേര്‍ക്കെതിരേ മാത്രമേ കുറ്റം തെളിയിക്കാനായുള്ളു.
കേസില്‍ ഒരാള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും അവിടെ കൊല്ലപ്പെട്ടു എന്നുമാണ് വിവരം. മുഹമ്മദ് ഫയാസാണ് മാപ്പു സാക്ഷിയായത്. 2017 മാര്‍ച്ചില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2016 ഒക്ടോബറില്‍ ഇവര്‍ കനകമലയില്‍ യോഗം ചേര്‍ന്ന് ആക്രമണത്തിന് ഐഎസുമായി പദ്ധതി തയ്യാറാക്കിയെന്നാണ് പറഞ്ഞിട്ടുള്ളത്.
കനകമലയിലെ കെട്ടിടത്തില്‍ സംഘം യോഗം ചേരുന്നതിനിടെയാണ് എന്‍ഐഎ വളഞ്ഞത്. എന്‍ഐഎ സംഘം ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കണ്ണൂര്‍ ജില്ലയിലെ ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കനകമലയിലാണെന്ന് കണ്ടെത്തുകയായിരുന്നു.

