കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സി.പി.ഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ ഭാസുരാംഗന് റിമാൻഡിൽ കഴിയവെ ജയിലിൽ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു. തുടർന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പ്രതിഭാഗം ഭാസുരാംഗന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രതിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്തത്. ഭാസുരാംഗന്‍റെ ആരോഗ്യസ്ഥിതി ചൂണ്ടികാണിച്ച് റിമാന്‍ഡ് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചത്. എന്നാല്‍, ഇതിനെ ഇ.ഡി എതിര്‍ത്തു. ഇന്ന് രാവിലെ പത്തോടെയാണ് എറണാകുളം ജയിലില്‍വെച്ച് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടെ, ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഉച്ചയോടെയായിരുന്നു തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടില്‍ ഇ.ഡി പരിശോധന തുടങ്ങിയത്. നേരത്തെയും ഈ വീട്ടിൽ ഇ.ഡി പരശോധനകൾ നടത്തിയിരുന്നു. തുടർ പരിശോധനയ്ക്കായി ഈ വീട് പൂട്ടി ഇ.ഡി സീല്‍ ചെയ്തിരിക്കുകയാണ്.

