പത്തനംതിട്ട: കണ്ണൂർ എ ഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കുടുംബാംഗങ്ങൾക്ക് നൽകാതെ പൊലീസിന് കൈമാറിയതായാണ് സൂചന. മൃതദേഹത്തിൽ പരിക്കുകളില്ലെന്നും മരണ സമയം പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയ്ക്കാണെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. 4.58 ന് നവീൻ ബാബുവിന്റെ ഫോണിൽ നിന്ന് രണ്ട് സന്ദേശങ്ങൾ പോയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകൾ മാറ്റുരണ്ടുപേർക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ആത്മഹത്യതന്നെയെന്ന നിഗമനത്തിലേക്ക് പോലീസ് നീങ്ങാനുള്ള സൂചന. അതേസമയം ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവീൻ ബാബുവിന്റെ വീട് ഇന്ന് സന്ദർശിക്കും. റോഡുമാർഗം പത്തനംതിട്ട ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷമായിരിക്കും അദ്ദേഹം നവീൻ ബാബുവിന്റെ വീട്ടിലേക്ക് പോകുക.
നവീൻ ബാബുവിന് കൈക്കൂലി നൽകിയതായുള്ള പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ആരോപണങ്ങൾ അന്വേഷണത്തിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവുകളൊന്നുമില്ല. പെട്രോൾ പമ്പിന് ടൗൺ പ്ലാനർ അനുമതി നൽകി അഞ്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ എ ഡി എം അനുമതി നൽകിയിരുന്നു. എ ഡി എം എൻ ഒ സി വൈകിപ്പിച്ചു എന്ന ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അതേസമയം വിടപറയൽ ചടങ്ങ് നടന്ന ദിവസം പി പി ദിവ്യ കളക്ടറെ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിട്ടും പി പി ദിവ്യയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല. പെട്രോൾ പമ്പ് ഇടപാടുകൾക്ക് പിന്നിൽ കള്ളപ്പണമാണോ എന്ന അന്വേഷണം ഇ ഡി ആരംഭിച്ചുകഴിഞ്ഞു. പ്രശാന്തൻ ബിനാമിയാണോ എന്നകാര്യവും ഇ ഡി പരിശോധിക്കുന്നുണ്ട്. പോലീസിൽ നിന്ന് ഇ ഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ഒരുകോടി 30 ലക്ഷത്തിന്റെ കണക്കുകൾ ലഭിച്ചതായും 70 ലക്ഷത്തിൽ ദുരൂഹതയുണ്ടെന്നുമാണ് സൂചന

