കണ്ണൂർ: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മിഥുൻ പോലീസിന് കീഴടങ്ങി.
കണ്ണൂർ എടയ്ക്കാട് പോലീസ് സ്റ്റേഷനിലാണ് മിഥുൻ കീഴടങ്ങിയത്. മിഥുനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ബോംബേറിൽ മിഥുന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി അക്ഷയിയെ ഇന്ന് തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.
സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഒരു വെള്ള ട്രാവലർ വാഹനമാണ് പോലീസ് പിടിച്ചെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവസ്ഥലത്ത് എത്തിയതും അവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നും ഈ വാഹനത്തിൽ തന്നെയാണ് സംഭവസ്ഥലത്തേക്ക് ബോംബ് എത്തിച്ചതെന്നും പോലീസ് സംശയിക്കുന്നു.
എന്നാൽ ബോംബുമായി എത്തിയ സംഘത്തിൽ മരിച്ച ജിഷ്ണുവും ഉൾപെട്ടിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നിലവിൽ കേസിൽ രണ്ട് പ്രതികൾ പോലീസിന്റെ കസ്റ്റഡിയിലാണ്.
അതേസമയം കല്യാണത്തലേന്ന് ഏച്ചൂരിലെ വരന്റെ വീട്ടിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു.
തുടർന്ന് രാത്രി വൈകി നടന്ന സംഗീത പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് ഏച്ചൂർ സംഘം പ്രതികാരം വീട്ടാൻ ബോംബുമായി എത്തുകയായിരുന്നു.

