Sunday, December 14, 2025

പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി: അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത പോലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്; കെ .സുരേന്ദ്രൻ

തലശേരി: കണ്ണൂരിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ ബാലനെ ക്രൂരമായി മർദ്ദിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി. നിർത്തിയിട്ട കാറിൽ ചാരിനിന്നതിനാണ് ശിഹാബ് എന്ന ക്രിമിനൽ ബാലനെ നടുവിന് ചവിട്ടിയത്. ആക്രമണത്തിൽ നടുവിന് പരുക്കേറ്റ അന്യസംസ്ഥാനക്കാരനായ കുട്ടിക്കൊപ്പം നിൽക്കാതെ ശിഹാബിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് കെ.സുരേന്ദ്രൻ കുറ്റം ആരോപിച്ചു.

അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. ക്രിമിനലുകളെ സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ കർശന നടപടിയെടുക്കണം. ബാലാവകാശ കമ്മിഷൻ സിപിഐഎം നേതാക്കളുടെ കുട്ടികൾക്ക് വേണ്ടി മാത്രം ഇടപെട്ടാൽ പോര തലശേരി വിഷയത്തിൽ നടപടിയെടുക്കണം. സംസ്ഥാനത്ത് നിന്നും ഓരോ ദിവസവും വരുന്ന വാർത്തകൾ മനുഷ്യത്വമുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതാണ്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles