Friday, January 2, 2026

ക്രിയാത്മക പ്രതിപക്ഷമല്ല കോണ്‍ഗ്രസ്; സോണിയ ഗാന്ധിക്ക് പാര്‍ട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോ? കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ കപില്‍ സിബല്‍

ദില്ലി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. സോണിയ ഗാന്ധിക്ക് പാര്‍ട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണെന്നാണ് കപില്‍ സിബലിന്റെ പ്രതികരണം. നേതൃമാറ്റത്തില്‍ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. കോടിക്കണക്കിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ആവര്‍ത്തിച്ച്‌ പങ്കുവയ്‌ക്കുന്നതെന്നും കപില്‍ സിബല്‍ ആരോപിച്ചു.

താന്‍ ആരേയും വെല്ലുവിളിക്കുകയല്ല. രാജ്യത്ത് ബി.ജെ.പിക്ക് എതിരായ ക്രിയാത്മക പ്രതിപക്ഷമല്ല കോണ്‍ഗ്രസ്. മാറ്റമില്ലാതെ പാര്‍ട്ടിയ്‌ക്ക് മുന്നോട്ട് പോകാനാവില്ല. 2014ലും 2019ലും പാര്‍ട്ടിക്ക് അധികാരം നഷ്‌ടമായി. സംഘടന തിരഞ്ഞെടുപ്പ് നടക്കാതെ പാര്‍ട്ടിയില്‍ മാറ്റമുണ്ടാകില്ല. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് കോണ്‍ഗ്രസിന്റെ ആശയം എന്താണെന്ന് പറയണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ വീടിന്റെ പുറത്തേക്ക് ഇറങ്ങുന്നില്ല. നിങ്ങളുടെ പാര്‍ട്ടിക്ക് എന്തു പറ്റിയെന്നാണ് മറ്റുളളവര്‍ അവരോട് ചോദിക്കുന്നത്. അവരുടെ വിഷമങ്ങള്‍ക്ക് ആര് മറുപടി പറയുമെന്നും കപില്‍ സിബല്‍ തുറന്നടിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ കപില്‍ സിബലും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ പരസ്‌പരം ഏറ്റുമുട്ടിയിരുന്നു.

കനത്ത തിരിച്ചടി നേരിട്ടിട്ടും ആത്മപരിശോധന നടത്താന്‍ നേതൃത്വം തയ്യാറാകുന്നില്ലെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം. പരാജയ കാരണം അന്വേഷിക്കുന്നതേയില്ല. ശക്തി കേന്ദ്രങ്ങളായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ പ്രസക്തി നഷ്‌ടപ്പെട്ടു. കോണ്‍ഗ്രസിനെ ഒരു ബദലായി ജനം കാണുന്നതേയില്ലെന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം.

Related Articles

Latest Articles