Monday, December 15, 2025

കറാച്ചി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് രണ്ട് ചൈനീസ് പൗരന്മാർ ഉൾപ്പെടെ മൂന്നുപേർ; സ്ഫോടനം നടന്നത് വിമാനത്താവളത്തിന് സമീപം അതീവ സുരക്ഷാ മേഖലയിൽ; അപലപിച്ച് ചൈന

കറാച്ചി: രണ്ടു ചൈനീസ് പൗരന്മാർ ഉൾപ്പെടെ മൂന്നുപേർ കറാച്ചി വിമാനത്താവളത്തിന് സമീപം ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ ചൈന ശക്തമായി അപലപിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് സമീപം വലിയ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാദേശിക ഭരണകൂടം അറിയിക്കുന്നത്. പോർട്ട് ഖാസിം ഇലെക്ട്രിക്കൽ പവർ കമ്പനിയിൽ നിന്നുള്ള തൊഴിലാളികൾ സഞ്ചരിച്ച വാഹനം കടന്നു പോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. എട്ടുപേർക്ക് പരിക്കേറ്റു.

ആയിരക്കണക്കിന് ചൈനീസ് തൊഴിലാളികളാണ് പാകിസ്ഥാനിലുള്ളത്. ഇതിൽ ഭൂരിഭാഗവും മധ്യ- തെക്കൻ ഏഷ്യയെ ചൈനീസ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി പാകിസ്ഥാനിൽ ജോലി ചെയ്യുന്നവരാണ്. പാകിസ്ഥാനിലെ ചൈനീസ് എംബസി സ്ഫോടനത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ചു. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

രാത്രി 11 മണിയോടുകൂടി വിമാനത്താവളത്തിന് സമീപം പാർക്ക് ചെയ്തിരുന്ന എണ്ണടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പത്തോളം വാഹനങ്ങൾ കത്തി. പരിക്കേറ്റവരെ ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സൈന്യം പ്രദേശത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

Related Articles

Latest Articles