കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണമില്ല. കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരൻ നല്‍കിയ ഹര്‍ജി തീർപ്പാക്കി.100 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കരുവന്നൂർ ബാങ്കിന്റെ എക്സ്റ്റൻഷൻ കൗണ്ടറിൽ മാനേജരായിരുന്ന ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി എം.വി.സുരേഷാണ് കോടതിയെ സമീപിച്ചത്കേസുമായി ബന്ധപ്പെട്ട് എതിർപ്പുകളുണ്ടെങ്കിൽ ഹർജിക്കാരന് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കുമെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിട്ടുള്ളതും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും കോടതി നിർദേശിച്ചു.
കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് 22 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഇതിൽ 10 കേസുകളില്‍ കുറ്റപത്രം നല്‍കി. മറ്റു കേസുകളില്‍ ഉടന്‍ കുറ്റപത്രം നല്‍കും. ചില രേഖകളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇവ കൂടി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തീർപ്പാക്കാൻ തീരുമാനിച്ചത്.

