തിരുവനന്തപുരം:കേരള ഭരണ സർവീസിനുള്ള (കെ എ എസ്) ആദ്യ ഘട്ട പരീക്ഷ 2020 ഫെബ്രുവരി 22-നു നടത്തും. ഒന്നാംഭാഗം ജനറൽസ്റ്റഡീസ് പേപ്പർ ഒന്നും രണ്ടാംഭാഗം ജനറൽസ്റ്റഡീസ് പേപ്പർ രണ്ട്, ഭാഷാപരിജ്ഞാനം എന്നിവയുമാണ്. ആകെ 200 മാർക്കിനാണ് പരീക്ഷ. സമയം പിന്നീട് പ്രഖ്യാപിക്കും. രണ്ടുപേപ്പറുകളും ഒരുദിവസംതന്നെ പൂർത്തിയാക്കും. ഒ.
എം ആർ. മാതൃകയിലുള്ള പരീക്ഷയെഴുതാൻ മൂന്ന് ധാരകളിലായി 5,76,243 പേരാണ് അപേക്ഷിച്ചത്.
നേരിട്ട് നിയമനത്തിനുള്ള ഒന്നാംധാരയിൽ 5,47,543 പേരും സർക്കാരിലെ ഗസറ്റഡ് ഇതര ജീവനക്കാർക്കുള്ള രണ്ടാംധാരയിൽ 26,950 പേരും ഒന്നാം ഗസറ്റഡ് ജീവനക്കാർക്കുള്ള മൂന്നാംധാരയിൽ 1750 പേരുമാണ് അപേക്ഷ നൽകിയത്. സർക്കാർജീവനക്കാർക്കുള്ള രണ്ടുംമൂന്നും ധാരകളിലെ അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പി.എസ്.സി. അറിയിച്ചു. മൂന്ന് ധാരകൾക്കും പൊതുപരീക്ഷയാണ് നടത്തുന്നത്.
അപേക്ഷകർ പരീക്ഷയെഴുതുമെന്ന് ഡിസംബർ 25-നകം പ്രൊഫൈലിലൂടെ ഉറപ്പുനൽകണം. അല്ലാത്തവരുടെ അപേക്ഷകൾ റദ്ദാക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകുന്നവർക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഫെബ്രുവരി ഏഴാംതീയതി മുതൽ വെബ്സൈറ്റിൽ ലഭ്യമാക്കും. ഉറപ്പുനൽകിയശേഷം പരീക്ഷയെഴുതാതിരിക്കുന്നവർക്കും നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷയെഴുതുന്നവർക്കുമെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.

