കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ക്രൂര റാഗിങ്. കാസർഗോഡ് ചിത്താരി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിക്ക് നേരെയാണ് ക്രൂരമായ റാഗിങ്ങ് നടന്നത്. പ്ലസ്ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കാണാം. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു മർദനം. അതേസമയം, പ്ലസ്‌ടു വിദ്യാർത്ഥികൾ റാഗിങ്ങെന്ന പേരിൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ പാട്ട് പാടിപ്പിച്ചിരുന്നു. ഇതിന് തയാറാകാത്ത വിദ്യാർത്ഥിയെയാണ് ഇവർ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ഹൊസ്‌ദുർഗ് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, സ്കൂൾ അധികൃതർ സംഭവത്തിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ആരിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ സസ്‌പെൻഷൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

