കാസര്‍കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകി കാസർകോട് കളക്ടര്‍. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നുണ്ട്. ഇന്ന് ഉച്ചക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം മഴകാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

