Thursday, December 18, 2025

കാട്ടാക്കട ആദിശേഖര്‍ കൊലക്കേസ് ! പ്രതിക്ക് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും; 15 കാരനെ കൊലപ്പെടുത്തിയത് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്

കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി.പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു. പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.

പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. അപകടമരണമെന്ന് കരുതിയിരുന്നകേസിൽ സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്.

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം. പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവദിവസം ക്ഷേത്ര ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ മുറിയിൽ ഫുട്ബോൾ വെച്ച ശേഷം തിരികെ സൈക്കിളിൽ കയറിയ സമയം കാർ പാർക്ക് ചെയ്ത് കാത്തുനിൽക്കുകയായിരുന്ന പ്രിയരഞ്ജൻ, കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കുട്ടിയുടെ നേർക്ക് കാർ ഓടിച്ചു കയറ്റിയാണ് കൊലപ്പെടുത്തിയത്.

രക്തത്തിൽ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്ന് ദൃക്സാക്ഷിയായ കുട്ടി വിശദീകരിച്ച് മൊഴി നൽകിയിരുന്നു. ആദിശേഖർ അന്നേദിവസം ഉപയോഗിച്ചിരുന്ന സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച കാറും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.

ക്ഷേത്രനട തുറന്നതിനാൽ മുതിർന്നവർ പറഞ്ഞതിനാലാണ് തളം കെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകി കളഞ്ഞതെന്ന് മറ്റൊരു കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ആദിശേഖർ കയറിയ സൈക്കിളും, കൃത്യത്തിന് ഉപയോഗിച്ച മഹീന്ദ്ര എക്സ്‌.യു.വി ഇലക്ട്രിക് കാറും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ പിന്നീട് തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.

പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

Related Articles

Latest Articles