Saturday, January 3, 2026

മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ സജുവാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സജുവിന്റെ അറസ്റ്റ് ഇന്ന് വൈകീട്ടോടെ രേഖപ്പെടുത്തും.

ഇതോടെ കേസിലെ പ്രതികളെല്ലാം പൊലീസ് പിടിയിലായി. കേസിലെ മുഖ്യപ്രതി ഉത്തമന്‍ ഇന്നലെ പിടിയിലായിരുന്നു. നേരത്തെ അറസ്റ്റിലായ അനീഷ്, ലാല്‍ കൃഷ്ണ എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കാട്ടാക്കട കാഞ്ഞിരവിളയില്‍ സംഗീതിനെ സംഘം ജെ.സി.ബി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സംഗീതിന്റെ പുരയിടത്തില്‍ നിന്നും വ്യാഴാഴ്ച രാത്രിയോടെ ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലെ സംഘം ജെ.സി.ബിയുമായി മണ്ണ് കടത്താനെത്തിയത്.

മണ്ണ് കടത്തുന്നത് തടഞ്ഞതിനെ തുടര്‍ന്ന് വഴക്കുണ്ടാവുകയും ജെ.സി.ബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സംഗീതിനെ രക്ഷിക്കാനായില്ല.

വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. ഇത് ചോദ്യം ചെയ്ത സംഗീത് തന്റെ കാറുമായി എത്തി ജെ.സി.ബിയുടെ വഴി മുടക്കി. കാറില്‍ നിന്ന് പുറത്തിറങ്ങി മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

Related Articles

Latest Articles