കൊല്ലം: സനാതനധർമ്മത്തിനെ അടിച്ചാക്ഷേപിച്ചുകൊണ്ട് വിവാദ പരാമർശം നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി ഗണേശ് കുമാർ എംഎൽഎ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തമാണെന്നും എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും മാനിക്കപ്പെടണമെന്നും കെ ബി ഗണേശ് കുമാർ വ്യക്തമാക്കി. പത്തനാപുരത്ത് നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉദയനിധിയുടെ പരാമർശങ്ങളോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല. അത്തരം വിഡ്ഢിത്തങ്ങൾ മന്ത്രിമാരോ ജനപ്രതിനിധികളോ പറയാതിരിക്കുന്നതാണ് നല്ലത്. സിനിമയും രാഷ്ട്രീയവും ഉദയനിധിക്ക് അറിയാമായിരിക്കും. കൂടാതെ, അപ്പൂപ്പന്റെ കൊച്ചുമകനായും അപ്പന്റെ മോനായും രാഷ്ട്രീയത്തിൽ വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ചും ചുമന്നും വന്ന ആളല്ല. അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി നല്ലതല്ല. ആരോ പരിപാടിക്ക് വിളിച്ചപ്പോൾ അവരെ സുഖിപ്പിക്കാനായി പറയരുത്. ഇതര മതങ്ങളെ മാനിക്കണമെന്ന് നായന്മാരുടെ സമ്മേളത്തിലാണ് താൻ പറഞ്ഞത്. എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും വലിയ മൂല്യമുണ്ട്. മതങ്ങളെയും വിശ്വാസങ്ങളെയും നിരസിച്ചും തരംതാഴ്‌ത്തിയും സംസാരിക്കരുത്” – ഗണേശ് കുമാർ പറഞ്ഞു
ചെന്നൈയിൽ റൈറ്റേഴ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശവുമായി രംഗത്തു വന്നത്. സനാതന ധര്‍മം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്നും പൂർണമായും തുടച്ചുനീക്കണമെന്നും പറഞ്ഞ ഉദയനിധി സനാതന ധർമം ഡെങ്കി, മലേറിയ പോലുള്ള പകർച്ച വ്യാധികള്‍ക്ക് സമാനമാണെന്നും കുറ്റപ്പെടുത്തി. പിന്നാലെ രാജ്യത്തുടനീളം കടുത്ത വിമർശനമാണ് വിഷയത്തിൽ ഉയരുന്നത്.
അതിനിടെ, സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനും കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കുമെതിരെ ഉത്തർപ്രദേശിൽ കേസെടുത്തു. ഹർഷ് ഗുപ്ത, റാം സിങ് ലോധി എന്നീ അഭിഭാഷകർ നൽകിയ പരാതിയിന്മേൽ രാംപൂർ പൊലീസാണ് കേസ് എടുത്തത്.

