നൈറോബി: കെനിയയിലെ ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനി പ്രവിശ്യയിൽ ചെറു വിമാനം തകർന്നു വീണ് 12 പേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം ഏകദേശം 8.30-നാണ് അപകടം നടന്നത്.
ദിയാനിയിൽ (Diani) നിന്ന് കിച്ച്‌വ ടെംബോയിലേക്ക് (Kichwa Tembo) പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരികളാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.5Y-CCA എന്ന രജിസ്‌ട്രേഷൻ നമ്പർ ഉള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി (KCAA) പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
അപകടസ്ഥലത്തെ ദൃശ്യങ്ങളിൽ വിമാനം പൂർണ്ണമായും തീപിടിച്ച നിലയിലും, അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായും കാണാം. പോലീസും അടിയന്തര സേവന വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനാപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും, മോശം കാലാവസ്ഥയും കാഴ്ചക്കുറവും അപകടത്തിന് കാരണമായേക്കാവുന്ന ഘടകങ്ങളായി സംശയിക്കുന്നുണ്ട്.
അപകടത്തിൽപ്പെട്ട എയർലൈൻ മൊംബാസയെ കെനിയയിലെ മസായി മാരാ, നൈറോബി ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സർവ്വീസുകൾ നടത്തുന്നവയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

