തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകീട്ട് നാല് മണിയ്‌ക്കാണ് യോഗം. ഗുണ്ടാ നിയമം നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആകും യോഗത്തിൽ പ്രധാനമായും ചർച്ച നടത്തുന്നത്.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി, എന്നിവരും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് ഗുണ്ടാ നിയമം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞ തവണ വിളിച്ചു ചേർത്ത യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് നടപ്പാകുന്നില്ലെന്ന് മാത്രമല്ല, നാൾക്കു നാൾ ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ചുവരികയുമാണ്. ഗുണ്ടകളെ കരുതൽ തടങ്കലിൽ ആക്കാനും, കാപ്പ ചുമത്തി നാടുകടത്താനും പോലീസ് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെങ്കിലും ഇതിനായി കളക്ടർ അനുമതി നൽകുന്നില്ല. ഇതേ തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
ഡിജിപിയുടെയും, ഇന്റലിജൻസ് എഡിജിപിയുടെയും, റിപ്പോർട്ടിൽ കളക്ടർ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ടെന്നാണ് പ്രധാനമായും ഉയരുന്ന സാഹചര്യം.

