തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പ് വിവാദത്തിലായ മദ്യനയം വീണ്ടും ചർച്ചയാകുന്നു. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിന് അവതരിപ്പിക്കേണ്ട പുതിയ മദ്യനയം ഇപ്പോഴും തയാറാക്കാനാകാതെ കുഴങ്ങുകയാണ് എക്സൈസ് വകുപ്പ്. മദ്യനയം രൂപീകരിക്കുന്നത് വൈകുന്നതിന് കാരണം ടൂറിസം വകുപ്പിന്റെ ഇടപെടലാണെന്ന ആരോപണവും ഉയരുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ്, വയനാട് ദുരന്തം, കോഴ ആരോപണം തുടങ്ങിയവ കാരണമാണ് നയം വൈകിയത്. പുതിയ നയം എൽ ഡി എഫിൽ ചർച്ച ചെയ്‌ത് നവംബർ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വച്ചിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ കാരണം തീരുമാനം വീണ്ടും മാറ്റി. ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വച്ചിരുന്ന കരട് നയം എക്സൈസ് വകുപ്പ് തന്നെ പിൻവലിച്ചിരിക്കുകയുമാണ്.
ടൂറിസം വകുപ്പിന്റെ ഇടപെടൽ കാരണമാണ് കരട് നയം വകുപ്പ് പിൻവലിച്ചതെന്നാണ് സൂചന. വകുപ്പുകളിൽനിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച് വീണ്ടും കരട് നയം മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്ന് എക്സൈസ് വകുപ്പ് പറയുന്നുണ്ട്. കരട് നയത്തിന്മേൽ രാഷ്ട്രീയ ചർച്ച വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരിക്കുന്നത് നയം ഇനിയും വൈകുമെന്ന സൂചനയാണ് നൽകുന്നത്.
ഒന്നാം തീയതിയുള്ള ഡ്രൈഡേ ഒഴിവാക്കുക, ബാറുകളുടെ സമയം രാവിലെയും വൈകുന്നേരവും അരമണിക്കൂർ നേരം കൂട്ടുക, കൂടുതൽ ബിയർ, വൈൻ ലൈസൻസുകൾ നൽകുക തുടങ്ങിയ നിർദ്ദേശങ്ങൾ കരട് നയത്തിലുണ്ട്. ഈ ഇളവുകൾ നൽകാനായി സർക്കാരിലെ ഉന്നതർക്ക് കൈക്കൂലി നൽകാനായി കോടികളുടെ പണപ്പിരിവ് നടന്നുവെന്ന ആരോപണം കൂടി വന്നതോടെ മദ്യനയം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങുകയായിരുന്നു. മദ്യനയം രൂപീകരിക്കാനായി ടൂറിസം വകുപ്പ് യോഗം വിളിച്ചതും വിവാദമായിരുന്നു. പുതുക്കിയ നയത്തിലും ഈ ഇളവുകൾ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ സ്വന്തമായി നയരൂപീകരണം നടത്താൻ പോലും കഴിയാത്ത വകുപ്പായി എം ബി രാജേഷ് ഭരിക്കുന്ന എക്സൈസ് വകുപ്പ് മാറിയെന്ന ആക്ഷേപവും ഉയരുകയാണ്.

