കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ച പത്രിക തള്ളി. ഇതേ തുടർന്ന് വരണാധികാരിയും സാന്ദ്രാ തോമസും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. പ്രസിഡൻ്റ്, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാ തോമസ് പത്രിക നൽകിയിരുന്നത്.
ബൈലോ പ്രകാരം, മൂന്നോ അതിലധികമോ സിനിമകൾ സ്വതന്ത്രമായി നിർമിച്ചവർക്ക് മാത്രമാണ് മത്സരിക്കാൻ യോഗ്യതയുള്ളത്. എന്നാൽ, സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഹാജരാക്കിയതെന്നും മൂന്നാമത്തെ സിനിമയുടെ സർട്ടിഫിക്കറ്റ് ‘ഫ്രൈഡേ ഫിലിംസിൻ്റെ’ ബാനറിലുള്ളതാണെന്നും അത് വ്യക്തിഗത യോഗ്യതയായി കണക്കാക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് പത്രിക തള്ളിയത്. ഇത് അംഗീകരിക്കാൻ സാന്ദ്രാ തോമസ് തയ്യാറായില്ല. താൻ ഒമ്പത് സിനിമകൾ നിർമിച്ചിട്ടുണ്ടെന്നും, അതിൽ ഏഴെണ്ണം ഫ്രൈഡേ ഫിലിംസുമായി സഹകരിച്ചും രണ്ടെണ്ണം സ്വന്തം ബാനറിലുമാണെന്നുമാണ് സാന്ദ്രയുടെ വാദം.
പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കാമെന്ന് വരണാധികാരി അറിയിച്ചു. ഇതിനിടെ, നിർമാതാവ് സുരേഷ് കുമാറും സാന്ദ്രാ തോമസും തമ്മിൽ തർക്കമുണ്ടായി. നേരത്തെ, തൻ്റെ പത്രിക തള്ളാൻ നീക്കം നടക്കുന്നുണ്ടെന്ന് സാന്ദ്രാ തോമസ് ആരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതോടെ പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്.

