ദില്ലി: മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ കാട്ടാന ചരിഞ്ഞതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകമായ ബിന്ദു മിൽട്ടനാണ് പരാതി നൽകിയത്. തണ്ണീർ കൊമ്പനെ മയക്കുവെടി വയ്‌ക്കുന്നുമായി ബന്ധപ്പെട്ട് നടന്ന കേരള വനംവകുപ്പിന്റെയും പോലീസിന്റെയും നടപടികളിൽ ഗുരുതര വീഴ്ച നടന്നതായാണ് പരാതിൽ പറയുന്നത്.
തണ്ണീർ കൊമ്പൻ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേരള വനവകുപ്പിന്റെ ദൗത്യങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തണ്ണീർ കൊമ്പനെ കാട് കയറ്റുന്ന ദൗത്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ കേരള വനംവകുപ്പ് പാലിച്ചിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കേരള വനംവകുപ്പിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശനങ്ങളുമായി കർണാടകയിലെ യുവാക്കൾ രംഗത്ത് വന്നിരുന്നു. കേരള വനംവകുപ്പ് വന്യമൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും ഇത് ആദ്യമായുള്ള സംഭവമല്ലെന്നും യുവാക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു.

